Translate

Tuesday, August 22, 2017

ദളിത് ക്രൈസ്തവര്‍ക്കു നീതി ലഭ്യമാക്കുക മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക II


(തുടര്‍ച്ച) 

ജോര്‍ജ് മൂലേച്ചാലില്‍

(എഡിറ്റോറിയല്‍ സത്യജ്വാല ആഗസ്റ്റ് 2017)

പുതുതായി ക്രൈസ്തവരായ അധഃസ്ഥിതരോട് പ്രോട്ടസ്റ്റന്റ് മിഷനറിമാര്‍ പറഞ്ഞത്, 'ഇനിമുതല്‍ നിങ്ങള്‍ സ്വതന്ത്രരും തുല്യരുമാണ്' എന്നായിരുന്നെങ്കില്‍, നസ്രാണി കത്തോലിക്കാപുരോഹിതര്‍, 'നിങ്ങളുടെ ജാതി മറക്കരുത്' എന്ന് അവരോട് താക്കീതുചെയ്യുകയായിരുന്നു. അങ്ങനെ അതുവരെ നസ്രാണി കത്തോലിക്കാസഭയ്ക്കുള്ളില്‍ ഇല്ലാതിരുന്ന ജാതിവ്യവസ്ഥയെ അകത്തേക്കു കടത്തി പ്രതിഷ്ഠിക്കുകയാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെപേരില്‍ നമ്മുടെ സഭ ചെയ്തത്. മിഷനറിപ്രവര്‍ത്തനത്തില്‍ നമ്മുടെ സഭ ചെയ്ത ഈ ആദിപാപത്തെക്കുറിച്ച് പശ്ചാത്തപിക്കാനോ അതു തിരുത്താനോ നാം ഇന്നുവരെ തയ്യാറായിട്ടില്ല. മറിച്ച്, പുതുതായി സഭയിലേക്കു വന്നവരെ തരംതാഴ്ത്തി നിര്‍ത്താനും അവരെ ഉപയോഗിച്ച് ഭൗതികമായി തടിച്ചുകൊഴുക്കാനുമുള്ള സംഘടിതശ്രമങ്ങളിലാണ് എന്നും നമ്മുടെ സഭ. ആഢ്യക്രൈസ്തവരുടെ നേതൃത്വമുള്ള ഇന്ത്യയിലെ എല്ലാ സഭകളും ഈ സ്വാര്‍ത്ഥസമീപനമാണ് പുലര്‍ത്തുന്നത്.

ഇതിന്റെ ഭാഗമായാണ്, 1950 വരെ 'ഇന്ത്യന്‍ ക്രൈസ്തവര്‍' എന്നറിയപ്പെട്ടിരുന്നവരും പട്ടികജാതി വിഭാഗങ്ങളെന്ന നിലയില്‍ എല്ലാ പരിരക്ഷകളും സംവരണാവകാശങ്ങളും ലഭിച്ചുപോന്നിരുന്നവരുമായ ദളിത് ക്രൈസ്തവര്‍ക്ക് അതു നിഷേധിക്കുന്ന തരത്തില്‍, ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ച് 1950-ലെ ഭരണഘടനാനിര്‍മ്മാണസഭയില്‍ പങ്കെടുത്ത ഡോ. എച്ച്.സി.മുഖര്‍ജി, ഫാ. ജറോം ഡിസൂസ, രാജ്കുമാരി അമൃത് കൗര്‍ എന്നീ ആഢ്യക്രൈസ്തവര്‍ നിലപാടു സ്വീകരിച്ചത്. ക്രിസ്തുമതത്തില്‍ ജാതിയില്ല എന്നും, അതിനാല്‍ ക്രൈസ്തവസമുദായത്തിലുള്ളവര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം ആവശ്യമില്ല എന്നുമാണ് ഇവര്‍ ശിപാര്‍ശ ചെയ്തത്. പകരം, ന്യൂനപക്ഷമായതിനാല്‍ തങ്ങളുടെ മതാടിസ്ഥാനത്തിലുള്ള സാംസ്‌കാരികത്തനിമ നിലനിര്‍ത്താനാവശ്യമായ വിദ്യാഭ്യാസാവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭ്യമാക്കണം എന്നവര്‍ ആവശ്യപ്പെടുകയുംചെയ്തു. അതോടെ, 'ഇന്ത്യന്‍ ക്രൈസ്തവര്‍' എന്ന നിലയില്‍  ദളിത് ക്രൈസ്തവര്‍ക്കു കിട്ടിക്കൊണ്ടിരുന്ന എല്ലാ പരിരക്ഷകളും സംവരണാവകാശവും ഈ ജനതയ്ക്കു നഷ്ടമായി. പകരം, അവരുടെകൂടി എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം ക്രൈസ്തവസമുദായത്തിന് കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അര്‍ഹതയുണ്ടാകുകയുംചെയ്തു. മൊത്തം ക്രൈസ്തവസമുദായത്തിനായി നല്‍കപ്പെട്ട ഈ ന്യൂനപക്ഷാവകാശം, നസ്രാണി പാരമ്പര്യം പറയുന്ന ആഢ്യക്രൈസ്തവര്‍ക്കുപോലും ലഭിക്കാത്തവിധത്തില്‍ ഒരു പുരോഹിതാവകാശമാക്കി മാറ്റപ്പെട്ട സാഹചര്യത്തില്‍, ദളിത് ക്രൈസ്തവര്‍ക്ക് അതില്‍നിന്നെന്തു കിട്ടാന്‍? അങ്ങനെ കക്ഷത്തിലുണ്ടായിരുന്നതും ഉത്തരത്തിലിരുന്നതും നഷ്ടപ്പെട്ട അവസ്ഥയിലാണിന്ന്, ദളിത് ക്രൈസ്തവസമൂഹം.

കത്തോലിക്കാപുരോഹിതനേതൃത്വം ദളിത് ക്രൈസ്തവസമൂഹത്തോടു തുടര്‍ന്നു കാണിച്ചതും ഇപ്പോഴും കാണിച്ചുകൊണ്ടിരിക്കുന്നതുമായ ഏറ്റവും ജുഗുപ്‌സാവഹമായ കാപട്യം, അവരെയെല്ലാം തങ്ങളുടെ പിന്നിലണിനിരത്തി സംവരണാവകാശത്തിനായി ഗവണ്‍മെന്റിനെതിരെ സമരം സംഘടിപ്പിച്ച് അവര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നു എന്നതാണ്. നീതിയെ കൊലചെയ്തിട്ട്, അതിന്റെ ആണ്ടുചാത്തമാഘോഷിക്കാനെന്നപോലെ, വര്‍ഷംതോറും 'നീതിയുടെ ഞായര്‍' ആചരിച്ച് തങ്ങളുടെ കാപട്യത്തെ ഒരനുഷ്ഠാനമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു, അവര്‍. രൂപതകള്‍തോറും ദളിത് കത്തോലിക്കരുടേതായി 'ദളിത് കത്തോലിക്കാ മഹാജനസഭ' (DCMS) എന്ന സംഘടനയുണ്ടാക്കി അതിന്റെ ഡയറക്ടറായി ഏതെങ്കിലും ഒരച്ചനെ പ്രതിഷ്ഠിച്ച് അവരെ നിശ്ശബ്ദരാക്കുന്ന ക്രൂരതയും തുടരുകയാണ്.

സഭാധികൃതര്‍ ഈ ജനവിഭാഗത്തോടു ചെയ്ത തും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ മഹാപാതകങ്ങളില്‍, ഇതെല്ലാം കണ്ടുകൊണ്ട് മിണ്ടാതിരിക്കുന്ന കേരളത്തിലെ നസ്രാണിസമൂഹമൊന്നാകെ പങ്കുകാരാണെന്ന വസ്തുതയും നാം തിരിച്ചറിയേണ്ടതുണ്ട്. പാലാക്കുന്നേല്‍ വല്യച്ചന്‍ മാമ്മോദീസാ മുക്കിയ ദളിതരെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ ആഢ്യത്വമെന്ന സാമുദായിക അഹന്ത പ്രദര്‍ശിപ്പിച്ചവരാണ് നസ്രാണികളായ നാം എന്നോര്‍ക്കുക. അവര്‍ക്കു പള്ളിയായിട്ടുപയോഗിക്കുവാന്‍ വല്യച്ചന്‍തന്നെ പല സ്ഥലങ്ങളിലും, അവസാനം സ്വന്തം സ്ഥലത്തുതന്നെയും, കെട്ടിക്കൊടുത്ത കൊട്ടിലുകള്‍ പൊളിച്ചുകളയുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തവരാണു നാം. അതുകൊണ്ട്, അതേ ആഢ്യമനോഭാവത്തിന്റെ ചാലില്‍ ദളിത് കത്തോലിക്കര്‍ക്ക് അസ്പൃശ്യത കല്പിച്ചും അവരെ ചൂഷണംചെയ്തുമുള്ള ഇന്നത്തെ സഭാധികൃതരുടെ തെറ്റായ നീക്കങ്ങള്‍ക്കുപിന്നില്‍ നമ്മിലെല്ലാമുള്ള ഈ അക്രൈസ്തവപാരമ്പര്യഘടകങ്ങളാണു പ്രവര്‍ത്തിക്കുന്നത് എന്നും കാണേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 160 വര്‍ഷമായി ദശലക്ഷക്കണക്കായ ദളിത്കത്തോലിക്കരുടെ വിലപ്പെട്ട ജീവിതങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടാനിടയാക്കിയ അഢ്യത്വബോധമെന്ന അല്പത്വത്തെ സാമാന്യബുദ്ധിയും ഹൃദയവുമുള്ള കത്തോലിക്കര്‍ ഇനിയെങ്കിലും മനസ്സുകളില്‍നിന്ന് തൂത്തെറിഞ്ഞേ മതിയാകൂ. അവര്‍ക്കും അവരുടെകൂടി പിതാവായ ദൈവത്തിനുമെതിരെ ഇക്കാലമത്രയും ചെയ്തുകൂട്ടിയ മഹാപാതകങ്ങളെയോര്‍ത്ത് നാം അനുതപിച്ചേ മതിയാകൂ. നമ്മളും നമ്മുടെ പുരോഹിതരുംചേര്‍ന്നു സംഘടിതമായി തകര്‍ത്തെറിഞ്ഞ ദളിത് ക്രൈസ്തവരുടെ ജീവിതങ്ങളെ ആ തകര്‍ച്ചയില്‍നിന്ന് എങ്ങനെ കരകയറ്റാനാകുമെന്ന് ഇനിയെങ്കിലും അവര്‍ക്കൊപ്പംനിന്ന് ആലോചിക്കുവാനും അതിനുവേണ്ടി കര്‍മ്മനിരതരാകുവാനും തയ്യാറായേ പറ്റൂ. ഈ ഉത്തരവാദിത്വം സാമുദായികമായി ഏറ്റെടുത്തുകൊണ്ടു മാത്രമേ, നമ്മുടെയെല്ലാം ശിരസ്സുകളില്‍ വന്നുപതിച്ച് അടിഞ്ഞുകിടക്കുന്ന പാപഭാരത്തിനു പരിഹാരംചെയ്യാന്‍ ഇവിടുത്തെ നസ്രാണിസമൂഹത്തിനാവൂ. നമ്മുടെ അഹന്തയ്ക്ക് ആഭരണമായി പള്ളികളിലുണ്ടാക്കിവച്ചിരിക്കുന്ന പൊന്‍-വെള്ളിക്കുരിശുകള്‍ വിറ്റും ദളിത് കത്തോലിക്കരുടെ ജീവിതങ്ങള്‍ നാം പടുത്തയര്‍ത്തേണ്ടതുണ്ട്. നമ്മുടെ രൂപതകള്‍ വക ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍നിന്നും എസ്റ്റേറ്റുകളില്‍നിന്നുമെല്ലാമുള്ള ശതകോടിക്കണക്കായ രൂപയുടെ വരുമാനം ദളിത് കത്തോലിക്കരുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉപയോഗിക്കേണ്ടതാണെന്ന ചിന്ത കേരളകത്തോലിക്കാസമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. നോക്കൂകൂലിയെന്നപോലെ, ഇടവകകളില്‍നിന്ന് 10-ഉം 12-ഉം ശതമാനം വരുമാനവിഹിതം അരമനയ്ക്കു 'കപ്പം' കൊടുക്കുന്ന ഏര്‍പ്പാടു നിര്‍ത്തലാക്കി, ആ തുക ഓരോ ഇടവകയിലെയും ദളിത് കത്തോലിക്കരുടെ ഉന്നമനത്തിനായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് ഇടവകതലങ്ങളിലും ചിന്തിക്കേണ്ടിയിരിക്കുന്നു. അവരുടെകൂടി എണ്ണംപറഞ്ഞ് നാം നേടിയ അനവധിയായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവരുടേതുകൂടിയാണെന്നംഗീകരിച്ചുകൊണ്ട്, അവരുടെ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കാനും അവരില്‍ നിശ്ചിതയോഗ്യത നേടിയവര്‍ക്കെല്ലാം അവിടെ ജോലി നല്‍കാനുമുള്ള സാമൂഹിക-സാംസ്‌കാരികാന്തരീക്ഷം രൂപപ്പെടുത്തുകയെന്നതും നമ്മുടെ കടമയായി നാമെടുക്കേണ്ടതുണ്ട്.

ദളിത് കത്തോലിക്കരുടെ വിഷയത്തില്‍ ഏതാണ്ട് സമാനമായൊരു വീക്ഷണം സി.ബി.സി.ഐ.തന്നെ അടുത്തകാലത്തു പ്രകടിപ്പിക്കുകയുണ്ടായി. കത്തോലിക്കാസഭയ്ക്കുള്ളിലുള്ള ദളിത് വിവേചനത്തെയും അവകാശനിഷേധങ്ങളെയും പാപമായിക്കണ്ട് ആത്മപരിശോധനയ്ക്കും തിരുത്തലിനും സഭ തയ്യാറാകാന്‍ പോകുന്നു എന്നാണ് സി.ബി.സി.ഐ. അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ 2016 ഡിസംബര്‍ 14-ാം തീയതി പ്രസ്താവിച്ചത്. സഭ അവരോട് നീതി കാണിച്ചില്ല എന്നേറ്റുപറഞ്ഞ അദ്ദേഹം അതിനുള്ള പരിഹാരമായി ഒട്ടുവളരെ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം 8 മാസം കടന്നുപോയിട്ടും അതുസംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ അതും മുമ്പു നടത്തിയിട്ടുള്ളതുപോലുള്ള ഒരു ചതി പ്രസ്താവനയായിരുന്നുവോ എന്നു സംശയിക്കണം. മുമ്പുനടത്തിയ ചതിപ്രസ്താവനകളില്‍ പ്രധാനം, 1995-ല്‍ KCBC-യും CBCI-യും നടത്തിയവയാണ്. സഭയില്‍ ദളിത് കത്തോലിക്കരുടെ 30% പങ്കാളിത്തവും അവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ 30% സംവരണവുമാണ് അന്ന് KCBC-യും  CBCI-യും വാഗ്ദാനംചെയ്തിരുന്നത്.

ദളിത് കത്തോലിക്കര്‍ ഒത്തിരി കാര്യങ്ങളൊന്നും ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. KCBC- 1995-ലും CBCI 1996-ലും 2016-ലും സ്വമേധയാ പ്രഖ്യാപിച്ചിട്ടുള്ള വാഗ്ദാനങ്ങള്‍ ഇനിയും വച്ചുതാമസിപ്പിക്കാതെ ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നുമാത്രമാണ് ദളിത് ക്രൈസ്തവരെ പ്രതിനിധീകരിച്ച് DCFI (Dalit Christian Federation of India) ആവശ്യപ്പെടുന്നത്. ഈ ആവശ്യം തികച്ചും നീതിയുക്തമാണെന്നു കണ്ടതുകൊണ്ടാണ്, KCRMഉം JCC-യുമുള്‍പ്പെടെയുള്ള മറ്റ് 6 സ്വതന്ത്രഅത്മായപ്രസ്ഥാനങ്ങള്‍ DCFI-യോടു കൈകോര്‍ത്തതും സംയുക്തസമരസമിതിയുണ്ടാക്കി സമരപ്രഖ്യാപനം നടത്തിയതും.

അതിന്‍പ്രകാരം, ഈ മാസം (ആഗസ്റ്റ്) 31-ാം തീയതി വ്യാഴാഴ്ച, ഇആഇക അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ തിരുവനന്തപുരത്തുള്ള അരമനയിലേക്കു മാര്‍ച്ചുനടത്താനും, തുടര്‍ന്ന് അരമനപ്പടിക്കല്‍ ധര്‍ണയിരിക്കാനും തീരുമാനിച്ചിരിക്കുകയാണ് (വിശദവിവരങ്ങള്‍ക്ക് 5-ാം പേജില്‍ ജോസഫ് പനമൂടന്‍ എഴുതിയ ലേഖനം കാണുക). ഈ നീതിസമരം വിജയിക്കേണ്ടത് ദളിത് കത്തോലിക്കരുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കത്തോലിക്കരുടെയും ഇവിടുത്തെ കത്തോലിക്കാസഭയുടെതന്നെയും ആവശ്യമാണ്. കാരണം, സഭാഗാത്രത്തില്‍ ഒരവയവമെങ്കിലും ശോഷിച്ചിരിക്കുന്നത് സഭയ്ക്കാകെ ക്ഷീണവും അവലക്ഷണവുമാണ്. അതുകൊണ്ട്, ക്രൈസ്തവധാര്‍മ്മികതയും നീതിബോധവുമുള്ള എല്ലാ ക്രൈസ്തവരോടും, സഭാവ്യത്യാസങ്ങളോ റീത്തുഭേദമോ വിചാരിക്കാതെ, ഈ മഹാസംരംഭത്തില്‍ പങ്കാളിത്തം വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളസഭയെ ജാതിഭേദമില്ലാത്ത ഒരു മാതൃകാസഭയാക്കാന്‍ ഈ സമരം നിമിത്തമാകട്ടെ!
NB
കത്തോലിക്കാസഭയുടെ ദളിത് ക്രൈസ്തവചൂഷണത്തിനെതിരെ ആഗസ്റ്റ് 31-നു നടത്തുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും മുമ്പേ വ്യാപകമായി പ്രചരിപ്പിക്കേണ്ട സത്യജ്വാലാ ലേഖനങ്ങള്‍ ഫേസ്ബുക്കിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കാന്‍ സഹകരിക്കുക. എഡിറ്റോറിയല്‍ വളരെ ദീര്‍ഘമായതിനാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതുതന്നെ രണ്ടു ഭാഗമായാണ്.

No comments:

Post a Comment